Pages

Wednesday 21 November 2012

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഒക്ടോബര്‍ 26ന്



മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 8 ഒക്ടോബര്‍ 26ന് വില്പനക്കെത്തും.  വിന്‍ഡോസ് യൂണിറ്റ് തലവന്‍ സ്റ്റീവന്‍ സിനോഫ്‌സ്‌കി ഒരു യോഗത്തില്‍ വെച്ച് ഇക്കാര്യം വ്യക്തമാക്കിയതായി മൈക്രോസോഫ്റ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ബ്രാന്‍ഡന്‍ ലിബ്ലാങ്കാണ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.
231 വിപണികളിലായി 109 ഭാഷകളിലാണ് വിന്‍ഡോസ് 8 ലഭിക്കുക. 17 വര്‍ഷത്തെ ഏറ്റവും വലിയ ഡീല്‍ ആയാണ് വിന്‍ഡോസ് 8നെ കണക്കാക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മേധാവി സ്റ്റീവ് ബാല്‍മര്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഒഎസ് മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വിന്‍ഡോസ് 95 പുറത്തിറങ്ങിയത് 17 വര്‍ഷം മുമ്പാണ്.
നിലവില്‍ വിന്‍ഡോസ് 7 ആണ് മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റം.  2009 ഒക്ടോബറിലായിരുന്നു ഇത് പുറത്തിറക്കിയിരുന്നത്. പിസിയെ മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു വിന്‍ഡോസ് 7 വരെ മൈക്രോസോഫ്റ്റ് ഒഎസ് അവതരിപ്പിച്ചിരുന്നത്. മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേറെ ഒഎസായിരുന്നു. എന്നാല്‍ വിന്‍ഡോസ് 8 ഒഎസ് പിസിയെ മാത്രമല്ല, സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് ഉത്പന്നങ്ങളേയും പിന്തുണക്കാന്‍ കഴിയുന്നതാണ്.
വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിക്കുന്ന സര്‍ഫെയ്‌സ് ടാബ്‌ലറ്റിനെ കമ്പനി കഴിഞ്ഞമാസം പരിചയപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ ആദ്യ ടാബ്‌ലറ്റ് ഉത്പന്നമാണിത്. ഗൂഗിളിനും ആപ്പിളിനും ഒപ്പം ഗാഡ്ജറ്റ് വിപണിയില്‍ ടാബ്‌ലറ്റ് മത്സരം കാഴ്ചവെക്കുകയാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സ്‌കൈഡ്രൈവ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഡാറ്റകള്‍ ഷെയര്‍ ചെയ്യാനും സ്‌റ്റോര്‍ ചെയ്യാനും വിന്‍ഡോസ് 8 സൗകര്യമൊരുക്കുന്നുണ്ട്. ആപ്പിളിന്റെ ഐക്ലൗഡും ഗൂഗിള്‍ ഡ്രൈവും ഇതേ സേവനമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നതിനാല്‍ ഈ രംഗത്തും മൈക്രോസോഫ്റ്റിന്റെ എതിരാളികള്‍ പഴയവര്‍ തന്നെ.

0 comments:

Post a Comment