Pages

Friday 1 November 2013

കിറ്റ്കാറ്റുമായി ഗൂഗിളിന്റെ നെക്‌സസ് 5

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ കിറ്റ്കാറ്റുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നെക്‌സസ് 5 എത്തി. എല്‍ജിയാണ് ഗൂഗിളിനായി നെക്‌സസ് 5 ഹാന്‍ഡ്‌സെറ്റ് നിര്‍മിച്ചത്. അമേരിക്ക, ബ്രിട്ടണ്‍ , ക്യാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍ , ഇറ്റലി, ജപ്പാന്‍ , കൊറിയ എന്നീ രാജ്യങ്ങളിലാണ് നവംബര്‍ ഒന്നിന് ഗൂഗിളിന്റെ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിയത്. ഇന്ത്യയടക്കമുള്ള ഇതര രാജ്യങ്ങളില്‍ എപ്പോഴെത്തുമെന്ന് അറിവായിട്ടില്ല.

നെക്‌സസ് 5 ന്റെ 16 ജിബി മോഡലിന് 349 ഡോളറും (21,500 രൂപ), 32 ജിബി മോഡലിന് 399 ഡോളറും (25,000 രൂപ) ആണ് അമേരിക്കയില്‍ വിലയെന്ന് ഗൂഗിള്‍ അറിയിച്ചു. 

അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള നെക്‌സസ് 5
, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സാധ്യതകള്‍ കാട്ടിക്കൊടുക്കാന്‍ കൂടിയുള്ള ഹാന്‍ഡ്‌സെറ്റാണ്. അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകളിലും വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് കിറ്റ്കാറ്റ്. 



നെക്‌സസ് 5 നെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങളും പ്രവചനങ്ങളും സമീപ ദിവസങ്ങളില്‍ ടെക് ലോകത്ത് പരന്നിരുന്നു. അവയൊക്കെ ഏറെക്കുറെ ശരിവെയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഫോണ്‍ . 'ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും മെലിഞ്ഞതും വേഗമേറിയതുമായ നെക്‌സസ് ഫോണാ'ണ് നെക്‌സസ് 5 എന്ന് ഗൂഗിളന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു.
2.3 GHz ക്വോഡ്-കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 800 പ്രൊസസര്‍ കരുത്തു പകരുന്ന ഫോണില്‍ 2ജിബി റാം ഉണ്ട്. അഞ്ചിഞ്ച് 1080പി ഡിസ്‌പ്ലേയുള്ള ഫോണില്‍ , ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങും പ്ലേബാക്കും സാധ്യമാണ്. വയര്‍ലെസ്സ് ചാര്‍ജിങ് ഫീച്ചര്‍ എല്‍ജി ഈ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ടിഇ, എന്‍എഫ്‌സി ഉള്‍പ്പടെ, ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതൊക്കെ കണക്ടിവിറ്റി സാധ്യതകളുണ്ടോ, അതു മുഴുവന്‍ നെക്‌സസ് 5 ല്‍ കാണാനാകും. 

ഓപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ എട്ട് മെഗാപിക്‌സല്‍ മുഖ്യക്യാമറയും, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് നെക്‌സസ് 5 ലുള്ളത്. ഒരേ ദൃശ്യത്തിന്റെ ഒട്ടേറെ ഷോട്ടുകള്‍ ഒരേസമയം പകര്‍ത്താന്‍ സഹായിക്കുന്ന ഫീച്ചര്‍ ഉള്ളതിനാല്‍ , അവയിലെ ഏറ്റവും മികച്ച ഷോട്ട് തിരഞ്ഞെടുക്കാന്‍ കഴിയും. 2300 mAh ബാറ്ററി ഊര്‍ജം പകരുന്ന ഫോണിന് 17 മണിക്കൂറാണ് ഗൂഗിള്‍ അവകാശപ്പെടുന്ന ടോക്ക്‌ടൈം. വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എട്ടര മണിക്കൂറും, എല്‍ടിഇയുടെ കാര്യത്തില്‍ ഏഴ് മണിക്കൂറുമാണ് ബാറ്ററി ആയുസ്സ്. സ്റ്റാന്‍ഡ്‌ബൈ സമയം 300 മണിക്കൂറും. 130 ഗ്രാം ആണ് ഫോണിന്റെ ഭാരം.