Pages

Friday 1 November 2013

കിറ്റ്കാറ്റുമായി ഗൂഗിളിന്റെ നെക്‌സസ് 5

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ കിറ്റ്കാറ്റുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നെക്‌സസ് 5 എത്തി. എല്‍ജിയാണ് ഗൂഗിളിനായി നെക്‌സസ് 5 ഹാന്‍ഡ്‌സെറ്റ് നിര്‍മിച്ചത്. അമേരിക്ക, ബ്രിട്ടണ്‍ , ക്യാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍ , ഇറ്റലി, ജപ്പാന്‍ , കൊറിയ എന്നീ രാജ്യങ്ങളിലാണ് നവംബര്‍ ഒന്നിന് ഗൂഗിളിന്റെ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിയത്. ഇന്ത്യയടക്കമുള്ള ഇതര രാജ്യങ്ങളില്‍ എപ്പോഴെത്തുമെന്ന് അറിവായിട്ടില്ല.

നെക്‌സസ് 5 ന്റെ 16 ജിബി മോഡലിന് 349 ഡോളറും (21,500 രൂപ), 32 ജിബി മോഡലിന് 399 ഡോളറും (25,000 രൂപ) ആണ് അമേരിക്കയില്‍ വിലയെന്ന് ഗൂഗിള്‍ അറിയിച്ചു. 

അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള നെക്‌സസ് 5
, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സാധ്യതകള്‍ കാട്ടിക്കൊടുക്കാന്‍ കൂടിയുള്ള ഹാന്‍ഡ്‌സെറ്റാണ്. അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകളിലും വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് കിറ്റ്കാറ്റ്. 



നെക്‌സസ് 5 നെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങളും പ്രവചനങ്ങളും സമീപ ദിവസങ്ങളില്‍ ടെക് ലോകത്ത് പരന്നിരുന്നു. അവയൊക്കെ ഏറെക്കുറെ ശരിവെയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഫോണ്‍ . 'ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും മെലിഞ്ഞതും വേഗമേറിയതുമായ നെക്‌സസ് ഫോണാ'ണ് നെക്‌സസ് 5 എന്ന് ഗൂഗിളന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു.
2.3 GHz ക്വോഡ്-കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 800 പ്രൊസസര്‍ കരുത്തു പകരുന്ന ഫോണില്‍ 2ജിബി റാം ഉണ്ട്. അഞ്ചിഞ്ച് 1080പി ഡിസ്‌പ്ലേയുള്ള ഫോണില്‍ , ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങും പ്ലേബാക്കും സാധ്യമാണ്. വയര്‍ലെസ്സ് ചാര്‍ജിങ് ഫീച്ചര്‍ എല്‍ജി ഈ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ടിഇ, എന്‍എഫ്‌സി ഉള്‍പ്പടെ, ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതൊക്കെ കണക്ടിവിറ്റി സാധ്യതകളുണ്ടോ, അതു മുഴുവന്‍ നെക്‌സസ് 5 ല്‍ കാണാനാകും. 

ഓപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ എട്ട് മെഗാപിക്‌സല്‍ മുഖ്യക്യാമറയും, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് നെക്‌സസ് 5 ലുള്ളത്. ഒരേ ദൃശ്യത്തിന്റെ ഒട്ടേറെ ഷോട്ടുകള്‍ ഒരേസമയം പകര്‍ത്താന്‍ സഹായിക്കുന്ന ഫീച്ചര്‍ ഉള്ളതിനാല്‍ , അവയിലെ ഏറ്റവും മികച്ച ഷോട്ട് തിരഞ്ഞെടുക്കാന്‍ കഴിയും. 2300 mAh ബാറ്ററി ഊര്‍ജം പകരുന്ന ഫോണിന് 17 മണിക്കൂറാണ് ഗൂഗിള്‍ അവകാശപ്പെടുന്ന ടോക്ക്‌ടൈം. വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എട്ടര മണിക്കൂറും, എല്‍ടിഇയുടെ കാര്യത്തില്‍ ഏഴ് മണിക്കൂറുമാണ് ബാറ്ററി ആയുസ്സ്. സ്റ്റാന്‍ഡ്‌ബൈ സമയം 300 മണിക്കൂറും. 130 ഗ്രാം ആണ് ഫോണിന്റെ ഭാരം. 

Wednesday 22 May 2013

ബാറ്ററി ചാര്‍ജ് ചെയ്യല്‍ : വിപ്ലവം സൃഷ്ടിക്കാന്‍ ഈഷയുടെ കണ്ടുപിടിത്തം

സാങ്കേതികവിദ്യയുടെ വേഗത്തിനൊപ്പം മുന്നേറാത്ത ഒന്നാണ് ബാറ്ററി രംഗം. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഇലക്ട്രിക് കാറുകളുമൊക്കെ ദിനംപ്രതി സ്മാര്‍ട്ടാകുമ്പോള്‍, ബാറ്ററികള്‍ മാത്രം മുടന്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും കുറച്ച് മുന്നേറ്റമുണ്ടായ രംഗങ്ങളിലൊന്ന് ബാറ്റിയുടേതാണെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍, ബാറ്ററികളുടെ ജാതകദോഷം മാറ്റാന്‍ ഇതാ ഇന്ത്യന്‍ വംശജയായ ഒരു പെണ്‍കുട്ടിയുടെ കണ്ടുപിടിത്തം എത്തിയിരിക്കുന്നു. വെറും 20 സെക്കന്‍ഡ് കൊണ്ട് ബാറ്ററി റീചാര്‍ജ് ചെയ്യാവുന്ന സങ്കേതം കണ്ടെത്തിയ ഈഷ ഖരെ എന്ന 18 കാരിയാണ്, ബാറ്ററികളുടെ തലക്കുറി തിരുത്തിയെഴുതാന്‍ പോകുന്നത്.

മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് കാറുകള്‍ എന്നിങ്ങനെ ബാറ്ററി റീചാര്‍ജ് ചെയ്തുപയോഗിക്കേണ്ട ഏത് ഉപകരണത്തിന്റെ കാര്യത്തിലും പ്രയോജനപ്പെടുത്താനാകുന്ന ഒരു ചെറു 'സൂപ്പര്‍കപ്പാസിറ്റര്‍' ( Supercapacitor ) ആണ്, യു.എസില്‍ കാലിഫോര്‍ണിയയിലെ സരാറ്റോഗയില്‍ താമസിക്കുന്ന ഈഷ വികസിപ്പിച്ചത്.


ഈഷ വികസിപ്പിച്ച സൂപ്പര്‍കപ്പാസിറ്റര്‍
ആ കണ്ടെത്തലിന് ഇന്റല്‍ ഫൗണ്ടേഷന്റെ 'യങ് സയന്റിസ്റ്റ് അവാര്‍ഡ് ' ലഭിച്ചതോടെയാണ്, അന്താരാഷ്ട്ര മാധ്യമങ്ങളിലാകെ ഈഷയും ആ കണ്ടെത്തലിന്റെ വാര്‍ത്തയും നിറഞ്ഞത്.

ഈ ആഴ്ച അരിസോണയിലെ ഫീനിക്‌സില്‍ നടന്ന ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറിലാണ് ഈഷ തന്റെ കണ്ടുപിടിത്തം അവതരിപ്പിച്ച് അവാര്‍ഡ് നേടിയത്. 50,000 ഡോളറാണ് ഈഷയ്ക്ക് ലഭിച്ച അവാര്‍ഡ് തുക.

മാത്രമല്ല, ഗൂഗിള്‍ പോലുള്ള ടെക്‌നോളജി ഭീമന്‍മാര്‍ ഈഷയുമായി ഈ കണ്ടുപിടിത്തം സംബന്ധിച്ച് ചര്‍ച്ചയും ആരംഭിച്ചിരിക്കുന്നു !

നാനോകെമിസ്ട്രിയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന വിദ്യാര്‍ഥിയാണ് ഈഷ. ആ പഠനമേഖലയുടെ സാധ്യതയാണ് വളരെ ചെറിയ ആ 'സൂപ്പര്‍കപ്പാറ്റിര്‍' വികസിപ്പിക്കാന്‍ ഈഷയെ സഹായിച്ചത്. ചെറിയൊരു സ്ഥലത്ത് വലിയൊരളവ് വൈദ്യുതി സംഭരിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് സൂപ്പര്‍കപ്പാസിറ്റര്‍. മാത്രമല്ല, അതില്‍ ഏറെനേരം ചാര്‍ജ് സംഭരിച്ച് വെയ്ക്കാനുമാകും.

ഏറെ ക്ഷമ ആവശ്യമായ, തൊന്തരവ് പിടിച്ച ഏര്‍പ്പാടാണ് നിലവില്‍ ബാറ്ററി ചാര്‍ജ് ചെയ്യല്‍ എന്നത്. അത്യാവശ്യമുള്ള പല വേളയിലും ഫോണില്‍ ചാര്‍ജില്ലാതെ വരുന്നതിന്റെ ദുരിതമനുഭവിക്കുന്നവരാണ് മിക്കവരും. 'എന്റെ സെല്‍ഫോണ്‍ എപ്പോഴും ചാവുന്നു' - ഈഷ എന്‍.ബി.സി.ന്യൂസ് ചാനലിനോട് പറഞ്ഞു. ആ ദുരിതത്തിന് അറുതിവരുത്താനുള്ള ആലോചനയാണ് 20 സെക്കന്‍ഡ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന കണ്ടുപടിത്തത്തിലേക്ക് ഈഷയെ നയിച്ചത്.


ഈഷ രൂപംനല്‍കിയ ഉപകരണം കുറഞ്ഞത് പതിനായിരം തവണ റീചാര്‍ജ് ചെയ്യാനാകും. പരമ്പരാഗത ബാറ്ററികളെ അപേക്ഷിച്ച് പത്തുമടങ്ങ് കൂടുതലാണിത്. മാത്രമല്ല, ഈ ചെറുഉപകരണം വളയ്ക്കുകയും മടക്കുകയും ചെയ്യാം. വക്രപ്രതലമുള്ള ഡിസ്‌പ്ലെകളിലും മറ്റനേകം രംഗങ്ങളിലും ഭാവിയില്‍ ഈ ഉപകരണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചേക്കാം.ഹാര്‍വാഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ ഒരുങ്ങുന്ന ഈഷയ്ക്ക്, കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ ഭാവിയില്‍ തനിക്ക് നടത്താനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്.
ഈഷ രൂപംനല്‍കിയ സൂപ്പര്‍കപ്പാസിറ്റര്‍
ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി) തെളിക്കാനാണ് നിലവില്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകളിലും, ഇലക്ട്രിക് കാറിലും ഉള്‍പ്പടെ റീചാര്‍ജ് ചെയ്യുന്ന ബാറ്ററി ഉള്ള ഏത് ഉപകരണത്തിനും ഇത് പ്രയോജനപ്പെടുമെന്ന് ഈഷ പറയുന്നു.