Pages

Wednesday, 21 November 2012

വിന്‍ഡോസ് 8 അപ്‌ഗ്രേഡിന് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?



മുന്‍ വിന്‍ഡോസ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 പ്രോ ഓപറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതായി അറിഞ്ഞു കാണുമല്ലോ. ഒക്ടോബര്‍ 26ന് ഔദ്യോഗികമായി അവതരിപ്പിക്കുന്ന വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രീഓര്‍ഡറാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ 26ന് ശേഷമാണ് അപ്‌ഡേറ്റ് ലഭിക്കുക.
പ്രീഓര്‍ഡറില്‍ കുറഞ്ഞ വിലക്കാണ് കമ്പനി വിന്‍ഡോസ് 8 അപ്‌ഡേറ്റ് നല്‍കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.  699 രൂപയിലാണ് അപ്‌ഗ്രേഡ് ഓഫര്‍ തുടങ്ങുന്നത്.  വിന്‍ഡോസ് 7 പിസികള്‍ക്കാണ് 699 രൂപയ്ക്ക് വിന്‍ഡോസ് 8 അപ്‌ഗ്രേഡ് ചെയ്തു നല്‍കുക.
എന്നാല്‍ അതിലും ചില നിബന്ധനകള്‍ ഉണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 2 മുതല്‍ വാങ്ങിയ വിന്‍ഡോസ് 7 സിസ്റ്റങ്ങള്‍ക്കോ അല്ലെങ്കില്‍ 2013 ജനുവരി 31ന് മുമ്പ് വാങ്ങുന്ന വിന്‍ഡോസ് 7 സിസ്റ്റങ്ങള്‍ക്കോ ആണ് ഈ ചുരുങ്ങിയ വിലയില്‍ വിന്‍ഡോസ് 8 അപ്‌ഡേറ്റ് ലഭിക്കുക. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷന്‍.
ഈ ഓഫറില്‍ പെടാത്ത വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക അവതരണത്തിന് ശേഷം 39.99 ഡോളറിന് വിന്‍ഡോസ് 8 പ്രോ അപ്‌ഗ്രേഡും മൈക്രോസോഫ്റ്റ് ലഭ്യമാക്കുന്നതാണ്. 131 വിപണികളിലാകും ഇത് ബാധകമാകുക.
വിന്‍ഡോസ് 8 പ്രോ 2013 ജനുവരി 31 വരെ 69.99ഡോളറിന് മൈക്രോസോഫ്റ്റ് ലഭ്യമാക്കുമെന്നും അതിന് ശേഷം 199ഡോളറായിരിക്കും ഇതിന് വില വരികയെന്നും ദ വേര്‍ജ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മൈക്രോസോഫ്റ്റ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
699 രൂപയ്ക്ക് വിന്‍ഡോസ് 8 അപ്‌ഗ്രേഡ് ലഭിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രീതി

  • ജൂണ്‍ 2നും 2013 ജനുവരി 31നും ഇടയി്ല്‍ ഒരു വിന്‍ഡോസ് 7 പിസി വാങ്ങുക
  • windowsupgradeoffer.com സൈറ്റില്‍ പോയി ഫെബ്രുവരി 28ന് മുമ്പായി അപ്‌ഗ്രേഡിന് രജിസ്റ്റര്‍ ചെയ്യുക
  • രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പേര്. ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, പിസി മോഡല്‍, വാങ്ങിയ തിയ്യതി, പിസി ഏത് കമ്പനിയുടേതാണ്, റീട്ടെയിലറുടെ പേര് എന്നീ വിവരങ്ങള്‍ നല്‍കണം.
  • പ്രൊമോഷണല്‍ കോഡ്, വാങ്ങാനുള്ള നിര്‍ദ്ദേശം എന്നിവയുള്‍പ്പെടുന്ന ഒരു ഇമെയില്‍ വിന്‍ഡോസ് 8 പ്രോ ഔദ്യോഗികമായി ലഭ്യമായ ശേഷം മൈക്രോസോഫ്റ്റ് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയ ഇമെയിലിലേക്ക് അയയ്ക്കും.
  • ഇമെയില്‍ നിര്‍ദ്ദേശപ്രകാരം വിന്‍ഡോസ് അപ്‌ഗ്രേഡ് അസിസ്റ്റന്റ് ഉപയോഗിച്ച് വിന്‍ഡോസ് 8 പ്രോ ഡൗണ്‍ലോഡ് ചെയ്യുകയാണ് പിന്നീട് വേണ്ടത്.
ജൂണ്‍ 2നോ അതിന് ശേഷമോ വിന്‍ഡോസ് പിസി വാങ്ങിയവര്‍ ചെയ്യേണ്ടത്
  • വിന്‍ഡോസ് 7 ഹോം ബേസിക്, ഹോം പ്രീമിയം, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ് എന്നീ ഏതെങ്കിലും വേര്‍ഷനില്‍ പെടുന്ന വിന്‍ഡോസ് പിസി ജൂണ്‍ 2നോ അതിന് ശേഷമോ വാങ്ങിയവരാണ് നിങ്ങളെങ്കില്‍ വിന്‍ഡോസ് അപ്‌ഗ്രേഡ് ഓഫര്‍ വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക
ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ 140 രാജ്യങ്ങളിലാണ് ഈ ഓഫര്‍ ബാധകമായിട്ടുള്ളത്. ഏതെല്ലാം രാജ്യങ്ങളെന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

യാഹു മെയില്‍ ഐഡി ഹാക്ക് ചെയ്തിട്ടുണ്ടോന്ന് കണ്ടെത്താം


ഇമെയില്‍ അഡ്രസുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുന്നു.  നമ്മുടെ സ്വകാര്യതയില്‍ കൈകടത്തലുകള്‍ ഉണ്ടാവുന്നത് ആര്‍ക്കും പൊറുപ്പിക്കാന്‍ സാധിക്കുന്നതല്ല.
നമ്മുടെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ?  നമ്മുടെ യാഹു ഇമെയില്‍ ഐഡി നമ്മള്‍ അറിയാതെ ആരെങ്കിലും ഉപയോഗിച്ചോ എന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ആദ്യം നിങ്ങളുടെ യാഹു ഐഡിയിലേക്ക് ലോഗ് ഇന്‍ ചെയ്യുക.  ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതു വശത്ത് മുകളിലായി നിങ്ങളുടെ പേര് കാണാന്‍ കഴിയും.  അതേ നിരില്‍ ഹെല്‍പ് മെനു കാണാം.  അതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഒപ്ഷനുകള്‍ കാണാം.
അവയില്‍ മെയില്‍ പ്ലസ്, സെന്റ് ഫീഡ്ബാക്ക് ഒപ്ഷനുകള്‍ക്കിടയിലായി ഒരു ഹെല്‍പ് ഒപ്ഷന്‍ കൂടി കാണാം.  അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു വിന്‍ഡോ തുറക്കും.  ഈ പുതിയ വിന്‍ഡോയുടെ വലതു വശത്തായി എഡിറ്റ് അക്കൗണ്ട് ഇന്‍ഫോ എന്ന ഒരു ഒപ്ഷന്‍ കാണും.
അതില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യേണ്ടി വരും.  അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ പുതിയൊരു പേജില്‍ എത്തും.  അവിടെ സൈന്‍ ഇന്‍ ഏന്റ് സെക്യൂരിറ്റി ഒപ്ഷനില്‍ വ്യൂ യുവര്‍ റീസന്റ് ലോഗിന്‍ ആക്റ്റിവിറ്റി എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അവസാനമായി ചെയ്ത് 10 ഇമെയില്‍ അക്കൗണ്ട് ആക്‌സസ് വിവരങ്ങള്‍ ലഭിക്കും.  ഇനി 10 കൂടുതല്‍ കവണത്തെ വിവരങ്ങള്‍ അറിയണമെങ്കില്‍ അതിനുള്ള ഒപ്ഷനും ഇവിടെയുണ്ട്.
ഇങ്ങനെ പരിശോധിക്കുമ്പോള്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടനെ പാസ്‌വേര്‍ഡ് മാറ്റി, ഇക്കാര്യം യാഹുവില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക.  ഇത്രയേ ഉള്ളൂ!

ഇനി ഹോട്ട്‌മെയിലിന് പകരം ഔട്ട്‌ലുക്ക് ഉപയോഗിക്കാം



ഹോട്ട്‌മെയില്‍ അല്ല, ഇനി മൈക്രോസോഫ്റ്റ് ഇമെയില്‍ സേവനത്തെ ഔട്ട്‌ലുക്ക്  (www.outlook.com) എന്ന് വിളിക്കാം. ഇന്ത്യക്കാരനായ സബീര്‍ ഭാട്ട്യ ആരംഭം കുറിച്ച ഹോട്ട്‌മെയില്‍ സേവനമാണ് ഔട്ട്‌ലുക്ക് എന്ന പുതിയ പേരില്‍ അറിയപ്പെടുക. ഒപ്പം ധാരാളം സവിശേഷതകളും ഔട്ട്‌ലുക്കില്‍ എത്തിയിട്ടുണ്ട്.
32.4 കോടി ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമാണ് ഇപ്പോഴും ഹോട്ട്‌മെയില്‍ എങ്കിലും ജിമെയിലിന്റെ വര്‍ധിച്ചുവരുന്ന പ്രചാരം ഈ മൈക്രോസോഫ്റ്റ്  സേവനത്തിന് വെല്ലുവിളിയാകുകയാണ്. ഹോട്ട്‌മെയിലിന്റെ പുതിയ പേര് കമ്പനിയുടെ ഓഫീസ് ഇമെയില്‍ ആപ്ലിക്കേഷന്റെ (ഔട്ട്‌ലുക്ക്) പേരായതിനാല്‍ പുതിയ പേരില്‍ അപരിചിചത്വവും അനുഭവപ്പെടുന്നില്ല.
1996ല്‍ സബീര്‍ ഭാട്ട്യയും ജാക്ക് സ്മിത്തും ചേര്‍ന്നാണ് ഹോട്ട്‌മെയില്‍ ആരംഭിച്ചത്. പിന്നീട് 1997ല്‍ 40 കോടി ഡോളറിന് സോഫ്റ്റ്‌വെയര്‍ ഭീമന്‍ അതിനെ ഏറ്റെടുക്കുകയായിരുന്നു. ഈ വര്‍ഷത്തിനിടെ മാറ്റങ്ങള്‍ ഈ മെയില്‍ സേവനത്തില്‍ വന്നെങ്കിലും സുപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന മാറ്റം വരുന്നത്  ഇപ്പോഴാണ്.
പരിധിയില്ലാത്ത വെര്‍ച്വല്‍ സ്റ്റോറേജ് വാഗ്ദാനം ചെയ്‌തെത്തുന്ന ഔട്ട്‌ലുക്കില്‍ സ്‌കൈപ് വീഡിയോ ചാറ്റും മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് സ്‌കൈപിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.
ഹോട്ട്‌മെയില്‍, മൈക്രോസോഫ്റ്റ് ലൈവ് ഉപയോക്താക്കള്‍ക്ക് നിലവിലെ ഐഡി ഉപയോഗിച്ച് ഔട്ട്‌ലുക്കില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കും. ഹോട്ട്‌മെയില്‍ സേവനവും നിലവില്‍ ലഭ്യമായിരിക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. വരുംഭാവിയില്‍ എല്ലാ ഹോട്ട്‌മെയില്‍ ഉപയോക്താക്കളേയും പുതിയ ഔട്ട്‌ലുക്ക് സേവനത്തിലേക്ക് എത്തിക്കുമെന്നും മൈക്രോസോഫ്റ്റ് സൂചന നല്‍കി.
മൈക്രോസോഫ്റ്റിന്റെ മെട്രോ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ഔട്ട്‌ലുക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസ്‌പ്ലെ പരസ്യങ്ങളും, വലിയ സെര്‍ച്ച്  ബോക്‌സും ഇനി മെയിലില്‍ കാണാനാകില്ല.
മറ്റ് പ്രധാന സവിശേഷതകള്‍
സോഷ്യല്‍ പ്ലാറ്റ്‌ഫോം: ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് , ലിങ്ക്ഡ്ഇന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ മെയിലിനകത്ത് വെച്ചു തന്നെ ആക്‌സസ് ചെയ്യാനാകും.  സുഹൃത്തുക്കളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ട്വീറ്റുകളും കാണാം. ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.  കൂടാതെ ലിങ്ക്ഡ്ഇന്‍, ഫെയ്‌സ്ബുക്ക് അഡ്രസുകള്‍ പുതിയ മെയിലിലേക്ക് ഓട്ടോമാറ്റിക്കായി കോപ്പി ചെയ്യാനുമാകും.
വേഡ്, എക്‌സല്‍, പവര്‍പോയിന്റ്: മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടുകളായ വേഡ്, എക്‌സല്‍, പവര്‍പോയിന്റ് ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ എഡിറ്റ്  ചെയ്യാനും ഷെയര്‍ ചെയ്യാനുമാകും.
ക്ലൗഡ് സ്റ്റോറേജ്: സ്‌കൈഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
മെയിലുകളുടെ വര്‍ഗ്ഗീകരണം: മെയിലുകളുടെ സ്വഭാവം അനുസരിച്ച് അവയെ വിവിധ ലേബലുകളില്‍ വേര്‍തിരിച്ച് വെക്കാന്‍ സാധിക്കും. വാര്‍ത്താക്കുറിപ്പുകള്‍, ഓഫറുകള്‍, സോഷ്യല്‍ അപ്‌ഡേറ്റുകള്‍ തുടങ്ങി വിവിധ സ്വഭാവത്തിലുള്ള മെയിലുകളെ അതത് ഫോള്‍ഡറിലേക്ക് ഓട്ടോമാറ്റിക്കായി മാറ്റുന്നതാണ്.
സ്ലൈഡ്‌ഷോ: മെയില്‍ അറ്റാച്ച്‌മെന്റായി വന്ന ചിത്രങ്ങളെ സ്ലൈഡ്‌ഷോയായി കാണാനുള്ള സൗകര്യമാണിത്.
ഇനി പറയൂ ഈ പുതിയ സൗകര്യങ്ങള്‍ ഗൂഗിളിന്റെ ജിമെയില്‍ സേവനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ? ഔട്ട്‌ലുക്കിനെയും പുതിയ സൗകര്യങ്ങളേയും നിങ്ങള്‍ക്കിഷ്ടമായോ?

എല്‍ജിയില്‍ നിന്ന് മൂന്ന് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍


എല്‍ജി മൂന്ന് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തി. എല്‍ജി ഓപ്റ്റിമസ് 4x എച്ച്ഡി, ഓപ്റ്റിമസ് എല്‍5, എല്‍3 എന്നിവയാണവ. ഇതില്‍ കമ്പനിയുടെ ആദ്യ ക്വാഡ് കോര്‍ ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണാണ് ഓപ്റ്റിമസ് 4x എച്ച്ഡി. ഐസിഎസാണ് എന്‍5ലേയും ഓപറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഓപ്റ്റിമസ് എല്‍3 പ്രവര്‍ത്തിക്കുന്നത്. ക്വാഡ് കോര്‍ 1.5 ജിഗാഹെര്‍ട്‌സ് എന്‍വിദിയ ടെഗ്ര പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എല്‍ജി ഓപ്റ്റിമസ് 4x എച്ച്ഡി 4.7 ഇഞ്ച് ഐപിഎസ് ടെക്‌നോളജി ഡിസ്‌പ്ലെ സഹിതമാണ് എത്തുന്നത്. പോറലുകളെ പ്രതിരോധിക്കാന്‍ ഗോറില്ല ഗ്ലാസ് സംരക്ഷണവും ഇതിനുണ്ട്. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജോടെ വരുന്ന ഫോണ്‍ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ വീണ്ടും ഉയര്‍ത്താം. 34,990 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ വില.
4 ഇഞ്ച് ഡിസ്‌പ്ലെയുള്ള എല്‍ 5 മോഡലിന്റെ ഡിസ്‌പ്ലെ റെസലൂഷന്‍ 320×480 പിക്‌സലാണ്. ഇടത്തരം സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇതിലെ പ്രോസസര്‍ 800 മെഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ5 ക്വാള്‍കോം സ്‌നാപ്ഡ്രാഗണാണ്. 512 എംബി റാം. 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ മറ്റൊരു പ്രധാന സവിശേഷത. 1500mAh ബാറ്ററിയില്‍ വരുന്ന ഫോണിന്റെ ഒരു പ്രധാന പോരായ്മ ഫ്രന്റ് ക്യാമറയില്ലാത്തതാണ്. 13,199 രൂപയാണ് ഫോണിന്റെ വില.
3.2 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് എല്‍ജി ഓപ്റ്റിമസ് എല്‍3യ്ക്കുള്ളത്. 800 മെഗാഹെര്‍ട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌ക്രീന്‍ റെസലൂഷന്‍ 240×320 പിക്‌സല്‍ ആണ്. 8,895 രൂപയ്‌ക്കെത്തുന്ന ഫോണില്‍ 3 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1ജിബിയാണ് ഇതിലെ സ്‌റ്റോറേജ്. 32 ജിബി വരെ അധിക മെമ്മറി പിന്തുണക്കും.

ബ്ലാക്ക്‌ബെറി പ്ലേബുക്ക് 4ജി എല്‍ടിഇ വേര്‍ഷന്‍ 31ന്




റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന്റെ 4ജി എല്‍ടിഇ വേര്‍ഷന്‍ ഈ മാസം 31ന് ഇറക്കാന്‍ സാധ്യത. പ്ലേബുക്കിന്റെ വൈഫൈ വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ കാര്യമായ ഉപഭോക്തൃ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇതിനായിരുന്നില്ല.
കാനഡയില്‍ പ്രമുഖ ടെലികോം കമ്പനിയായ ബെല്ലുമായി സഹകരിച്ച് ഈ മാസം 31ന് എല്‍ടിഇ വേര്‍ഷന്‍ ഇറക്കാനാണ് റിം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബെല്ലിന്റെ ചില ആഭ്യന്തരരേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 549.95 ഡോളറായിരിക്കും (ഏകദേശം 30,990 രൂപ) 4ജി എല്‍ടിഇ വേര്‍ഷന് വിലയെന്നും ഈ രേഖകളില്‍ പറയുന്നുണ്ട്.
1024×600 പിക്‌സല്‍ റെസലൂഷനിലുള്ള 7 ഇഞ്ച് ഡിസ്‌പ്ലെയാണ് പ്ലേബുക്ക് 4ജി എല്‍ടിഇ വേര്‍ഷനുള്ളത്. ഡ്യുവര്‍ കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 1 ജിബി റാം എന്നിവ പ്രോസസിംഗ് പെര്‍ഫോമന്‍സിന് സഹായിക്കുന്ന ഇതിലെ ഘടകങ്ങളാണ്. പിറകില്‍ 5 മെഗാപിക്‌സലും മുമ്പില്‍ 3 മെഗാപിക്‌സലും വീതമുള്ള ക്യാമറകളും ഉണ്ട്.
4,800mAh ബാറ്ററിയാകും ഇതിലേത്. പ്ലേബുക്ക് 16 ജിബി, 32 ജിബി, 64 ജിബി സ്റ്റോറേജ് വേര്‍ഷനുകളിലാണ് ഇതു വരെ കമ്പനി അവതരിപ്പിച്ചതെങ്കിലും ഇത്തവണ 32 ജിബി മോഡല്‍ മാത്രമേ അവതരിപ്പിക്കുകയുണ്ടാകൂ എന്നാണ് സൂചന.
റിസര്‍ച്ച് ഇന്‍ മോഷന്റെ ഒരു പ്രധാന വിപണി ഇന്ത്യയാണ്. പ്ലേബുക്ക് വൈഫൈ വേര്‍ഷന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നപ്പോള്‍ റിം വൈഫൈ വേര്‍ഷന്റെ വില കുറച്ചിരുന്നു. 16 ജിബി സ്റ്റോറേജ് മോഡലിന് 27,990 രൂപയില്‍ നിന്ന് 13,490 രൂപ വരെ കുറയുകയുണ്ടായി. 4ജി വേര്‍ഷന്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

8 മെഗാപിക്‌സല്‍ ക്യാമറയുമായി അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600




ഒക്ടോബറില്‍ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം എത്തുന്നതോടെ ഈ ഒഎസിലുള്ള വിവിധ ടാബ്‌ലറ്റുകളെ നമുക്ക് വിപണിയില്‍ പ്രതീക്ഷിക്കാം. മികച്ച സൗകര്യങ്ങളുമായെത്തുന്ന അത്തരത്തിലൊരു വിന്‍ഡോസ് ടാബ്‌ലറ്റാണ് അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600. മെച്ചപ്പെട്ട ഡിസൈന്‍, മള്‍ട്ടി മീഡിയ സൗകര്യങ്ങള്‍ വരുന്ന ടാബ്‌ലറ്റിന്റെ എല്ലാ സവിശേഷതകളും അറിവായിട്ടില്ല.
8 മെഗാപിക്‌സലാണ് ഈ ടാബ്‌ലറ്റിന്റെ ക്യാമറ കപ്പാസിറ്റി. ഓട്ടോഫോക്കസ്, ഓപ്റ്റിക്കല്‍ സൂം ഓപ്ഷനുകളും ക്യാമറയ്ക്കുണ്ട്. സൂപ്പര്‍ ഐപിഎസ്+ ടെക്‌നോളജിയുള്‍പ്പെടുന്ന 10.1 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിന്റേത്. 1366×768 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലെയ്ക്കുണ്ട്. മള്‍ട്ടി ടച്ച്‌സ്‌ക്രീനും അറ്റാച്ച് ചെയ്യാവുന്ന ഒരു ക്യുവര്‍ട്ടി കീബോര്‍ഡും ഇതിലുണ്ടാകും. ഇഎംഎംഎസി (ഒരു വിഭാഗം മള്‍ട്ടിമീഡിയ കാര്‍ഡ്) ഫ്‌ളാഷ് സ്റ്റോറേജ് 32 ജിബി വരെ ഉയര്‍ത്താം.
ക്വാഡ് കോര്‍ ടെഗ്ര 3 എസ്ഒസി പ്രോസസറാണ് ഇതിലേത്. ഉയര്‍ന്ന ഓപറേറ്റിംഗ് വേഗത 2ജിബി റാം വാഗ്ദാനം ചെയ്യുന്നു. ഗ്രാഫിക്‌സ് പിന്തുണ നല്‍കുന്നത് എന്‍വിഡിയ 12 കോര്‍ ജിപിയു ആണ്. ബ്ലൂടൂത്ത് 4, യുഎസ്ബി 2 കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
ഒക്ടോബറില്‍ തന്നെയാകും അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600ന്റെ അവതരണം ഉണ്ടാകുക. ആദ്യാവതരണത്തില്‍ യുഎസ്, യുകെ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും ടാബ്‌ലറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാബ്‌ലറ്റിന്റെ സവിശേഷതകള്‍ കൂടുതല്‍ വ്യക്തമാകാനുണ്ട് അതോടൊപ്പം ഇതിന്റെ വിലയും.

5,000 രൂപയ്ക്ക് താഴെ വിലയുള്ള വൈഫൈ ഫോണുകള്‍




ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലെ ഒരു പ്രധാന സൗകര്യമായി ഉപയോക്താക്കള്‍ തിരയുന്നത് വൈഫൈ ടെക്‌നോളജിയെയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഫയലുകളും ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം വൈഫൈ സഹായിക്കും. സ്മാര്‍ട്‌ഫോണുകള്‍ക്കെല്ലാം വൈഫൈ സൗകര്യം സാധാരണമാണ്. എന്നാല്‍ സ്മാര്‍ട്‌ഫോണുകളില്‍ മാത്രമേ വൈഫൈ ഉള്ളൂ എന്ന് ഇതിനര്‍ത്ഥമില്ല. ചില മൊബൈല്‍ ഫോണുകളും വൈഫൈ ടെക്‌നോളജി ഉള്‍പ്പെടുത്തിയാണ് വരുന്നത്. 5,000 രൂപയ്ക്ക് താഴെയുള്ള ചില വൈഫൈ അധിഷ്ഠിത മൊബൈല്‍ ഫോണുകളെ പരിചയപ്പെടാം ഇവിടെ. ഇതില്‍ രണ്ടെണ്ണം വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകളാണ്.